You are here
Home > Everything > Malayalam Short Essay > ശിവരാത്രികൾ

ശിവരാത്രികൾ

ഇ എം എസ് ആശുപത്രിയിലെ 401ാം മുറിയിൽ ചാഞ്ഞുകിടന്ന് നേരെ മുന്നിലായി കാണുന്ന കൊടികുത്തി മലയിൽ പടരുന്ന തീ കണ്ടങ്ങിനെ ഇരിക്കും. ഒരാൾക്ക് കഷ്ടിച്ച് ഇരിക്കാവുന്ന ബെഞ്ചിൽകിടന്ന് അച്ഛൻ ഉറങ്ങും, അമ്മ താഴെയും. നേരം പുലരാറാകുന്നതോടെ കൺപോളകൾക്ക് ഘനം തോന്നിത്തുടങ്ങും. ഉണർവിൽ നിന്നും ഉറക്കത്തിലേക്കുചേരുന്ന മധുര നിമിഷങ്ങൾ നുകരുമ്പോഴേക്കും മുറിയുടെ വാതിലിൽ തകിലടി മേളം. ഫിസിയോതെറാപ്പി മുറിയിലേക്ക് എന്നെ എത്തിക്കാനുള്ള തിടുക്കത്തിലാണ് അറ്റെൻഡർമാർ. “രാത്രി മുഴുവൻ മലയിൽ കാട്ടുതീ ആയിരിന്നു, ആരെയെങ്കിലും അറിയിക്കേണ്ട?” എന്ന ചോദ്യത്തിന് എല്ലാവരുടെയും ചിരി… തിരക്കിനിടയിൽ പകൽ ഓടി മറയും, ചികിത്സ കഴിഞ്ഞ് സന്ധ്യയ്ക്ക് മുറിയിൽ എത്തുന്നതോടെ വീണ്ടും മനസ്സിൽ ആധി, രാത്രിയാകുവാൻ ഇനി മണിക്കൂറുകൾ മാത്രം! എല്ലാവരും ഉറങ്ങും… ജോസു ബ്രദർ തന്ന ‘സോൾഫ്രഷ്” ഉം പരാജയപ്പെട്ടപ്പോൾ ഞാൻ അമ്മയോടു പറഞ്ഞു “എന്നെ കിടത്തണ്ട ഇരുത്തിയാൽ മതി, മലർന്നുകിടന്ന് ഫാൻ കറങ്ങുന്നതു കാണുന്നതിലും ഭേദം നേരെയിരുന്നു മലയിലെ ലൈറ്റ് അറേഞ്ച് മെന്റ് കാണാം”. രാത്രിയാകുന്നതോടെ മലയിലൂടെ ഒരു വെളിച്ചം പതിയെ നീങ്ങുന്നത് കാണാം. മലയുടെ മുകളിലേക്ക് പോകുന്ന ജീപ്പ് ആണ് അത്, ജീപ്പ് മലമുകളിൽ എത്തുന്നതോടെ കൊടികുത്തിമല നീറാൻ തുടങ്ങും. കാറ്റിന്റെ ദിശ മാറുന്നതനുസ്സരിച് കാട്ടുതീ എനിക്കായി തീർക്കുന്ന ചിത്രങ്ങൾ കണ്ടുകൊണ്ട് ദുഷ്കരമായ ശിവരാത്രികൾ നോറ്റ് പകലിനെ കാത്തു ഞാൻ ഇരുന്നു.
വർഷങ്ങൾക്കിപ്പുറം, ഗുളിക വിഴുങ്ങാതെ അകമേ നിറയുന്ന സ്പന്ദനത്തിൻ ചുവടുപിടിച്ച് ‘സോൾ ഫ്രഷ്’ ആക്കുന്ന വിദ്യയും പഠിപ്പിച്ചാണ് കാലമാകുന്ന കണിശക്കാരൻ കണക്കു മാഷ് എന്നെ വെറുതെ വിട്ടത്. ഓരോ വർഷവും ഒന്നിലധികം ശിവരാത്രികളിലൂടെ ശാന്തമായി കടന്നുപോകുവാൻ പ്രാപ്തമാക്കുന്നതാവട്ടെ, പുറമേക്ക് ഉറങ്ങിയിരിക്കുന്ന സകല ജീവന്റെയും അകമേ ഉണർന്നിരിക്കുന്ന ആത്മസ്പന്ദനം…. പുതപ്പിനടിയിൽ പൂർണ്ണബോധവാനായ് രാവുകൾ പകലാക്കി ശിവരാത്രിയാഘോഷിച്ച് ഞാനതിനു കൂട്ടിരിക്കാറുണ്ട്. നിദ്രാദേവി കനിഞ്ഞ് അനുഗ്രഹിക്കുന്ന ദിനങ്ങളിലാവട്ടെ അടുത്ത മുറിയിലെ അലാറം മണികൾ ഉണരുന്നതിനുമുൻപ് ആ സ്പന്ദനം എന്നെ ഉണർത്താറുണ്ട്. ഉറക്കച്ചടവാകുന്ന മുഷിഞ്ഞ വസ്ത്രം ധരിച്ചല്ല, മറിച്ച്
“പുനർജ്ജമ്മ തുല്യമാം പുലരികൾ നൽകി
എൻ ആത്മസ്‌പന്ദനം എന്നിൽ ലയിച്ചിടുന്നു”

Leave a Reply

Top
Follow

Get the latest posts delivered to your mailbox:

>