You are here
Home > Sreerama Geeta

ശ്രീരാമ ഗീത

Sreerama Geetha book Madhuvanam
Sreerama Geetha book Madhuvanam

ഇതെൻ്റെ ജീവിതത്തിലെ ശ്രീരാമലീല…

ഓം ഹരിശ്രീഗണപതയെ നമ: അവിഘ്‌നമസ്തു

ശ്രീ ഗുരുഭ്യോ നമ:

ഒരു അപകടത്തിൽ നട്ടെല്ലിന് പരിക്കുപറ്റി, കഴുത്തിന് താഴെ ചലിപ്പിക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത നാളുകളായിരുന്നു അത്, ഏതുവിധേനയും എൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുവാൻ ആവുംവിധം ശ്രമിക്കുന്ന അച്ഛനമ്മമാർ,  കൂടെ കുഞ്ഞനുജത്തി. കിടപ്പിലായ ആദ്യ കാലത്ത് മാനസികമായി വളരെയധികം വിഷമതകൾ അനുഭവിച്ചു, യാദൃശ്ചികമായി ശ്രീ കാവാലം ശ്രീകുമാർ സർ ആലപിച്ച രാമായണം കേൾക്കുവാൻ അവസ്സരം ലഭിച്ചു. ആ അനുഗ്രഹീത ഗാംഭീര്യത്തിൽ ക്രിയാമാർഗ്ഗോപദേശം നൽകി ശ്രീരാമസ്വാമി അരുൾ ചെയ്യുന്ന വാക്കുകൾ എൻ്റെ ശ്രദ്ധയിൽപെട്ടു “ഭക്തിപൂർവ്വം ഉപദേശം വായിക്കുകയോ, കേവലം കേൾക്കുകയോ ചെയ്യുന്നതു സകല ഐഹികസൗഖ്യത്തിനും ഭഗവദ്‌പ്രാപ്തിക്കും കാരണമായി ഭവിയ്ക്കും” എന്ന്.

ഇത്രയും ലളിതമാണെങ്കിൽ അതൊന്നു പ്രാവർത്തികമാക്കുവാൻ ഞാൻ തീരുമാനിച്ചു. ദിവസേന ക്രിയാമാർഗ്ഗോപദേശം വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് ഒരു ശീലമാക്കി,  പത്താംതരം വിദ്യാഭ്യാസത്തിനുശേഷം പിന്നീട് മലയാളം പഠിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ക്രിയാമാർഗ്ഗോപദേശത്തിലെ മന്ത്രസദൃശവും സ്വയംപ്രകാശകവും ആയ വരികൾ എന്നിൽ പ്രകാശിക്കുവാൻ തുടങ്ങി, സാരാംശം താനേ തെളിയുന്നതായിക്കണ്ടു, മാനസികമായും ശാരീരികമായും മുന്നോട്ടുവരുവാൻ അതെന്നെ സഹായിച്ചു. കഴുത്തിന് താഴെ തളർന്ന ഒരു ഇരുപത്തേഴുകാരൻ, ഒന്നിലധികം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു, ‘ഏക തത്ത്വ’ എന്ന മാസികയിൽ കവിതകൾ എഴുതുന്നു ഒപ്പംതന്നെ വീട്ടിലെത്തുന്ന കുട്ടികൾക്ക് അറിവുപകർന്നുനൽകുവാനും ഭഗവദ്‌കൃപയാൽ സാധ്യമാകുന്നു. ഒരൊറ്റ ഉപദേശം എന്നിൽ ഇത്രയും പരിവർത്തനം വരുത്തിയപ്പോൾ, അദ്ധ്യാത്മ രാമായണത്തിലെ മുഴുവൻ രാമോപദേശങ്ങളും ഒരുമിച്ചു ചേർത്താൽ അതു വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നവർക്ക് സദ്‌ഗതിലഭിക്കുവാൻ കാരണമാകും എന്ന ചിന്തയാണ് ഈ ഉദ്യമത്തിന് എനിക്കു പ്രേരകമായത്.

ഓരോ ജീവൻ്റെയും ലക്ഷ്യം സാക്ഷാത്‍കാരം എന്നതാണെങ്കിലും മാർഗ്ഗം പലതാകുന്നു. പൂർവ്വകർമ്മ വാസനകൾക്കനുസൃതമായി നിരന്തരം തുടരുന്ന ആത്മായനം, അതല്ലേ ഈ ജീവിതം? ഈ യാത്ര ശോഭനമാക്കുവാൻ നമുക്കു മാർഗ്ഗദീപമാണ് ശ്രീരാമസ്വാമി അനേകം രാമായണ സന്ദർഭങ്ങളിലൂടെ നൽകുന്ന ഉപദേശങ്ങൾ, ഈ മഹനീയ ഉപദേശങ്ങൾ എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണത്തിൽ ഉള്ളവിധം സന്ദർഭസഹിതം അവതരിപ്പിച്ചിരിക്കുകയാണ്  “ശ്രീരാമ ഗീത” അഥവാ ശ്രീരാമ പ്രഭാഷണം എന്ന ഈ പുസ്തകം.

ഓരോ സന്ദർഭങ്ങളിലൂടെയും നൽകപ്പെട്ടിരിക്കുന്ന പരമാത്മജ്ഞാനം ഓരോ വ്യക്തിയിലും ജനിപ്പിക്കുന്ന പ്രഭാവം വ്യത്യസ്തമാണ്, അനുഗ്രഹം വിഭിന്നമാണ്‌. ഒരു ജീവൻ ജ്ഞാനത്തെ എപ്രകാരം അറിയണം എന്നത് ഈശ്വരനിശ്ചയമാണ്, സത്യം ഒന്നുമാത്രം അതിനു നിർവചനവും ഒന്നേയുള്ളൂ, വെള്ളംചേർത്ത് അതിനെ ലഘൂകരിക്കുന്നത് അറിവ് നൽകുന്നവർക്കും സ്വീകരിക്കുന്നവർക്കും   ഉപകാരപ്രദമായെന്നുവരില്ല. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിൽ വ്യാഖ്യാനങ്ങൾ നൽകിയിട്ടില്ല. മാനുഷവേഷം ധരിച്ച പരമാത്മസ്വരൂപൻ ശ്രീരാമസ്വാമി നൽകുന്ന ഉപദേശം കേവലബുദ്ധിയാൽ വിവരിക്കുന്നതെങ്ങനെ? അതിനു പൂർണ്ണതയെവിടെ? അക്ഷരങ്ങൾ കൂട്ടിവായിക്കുവാൻ തുടങ്ങുന്ന ബാലനും അക്ഷരക്കൂട്ടങ്ങൾകൊണ്ട് അമ്മാനമാടുന്ന വിദ്വാനും നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട വിദ്യ ഇംഗിതജ്ഞൻ  ശ്രീരാമചന്ദ്രൻ കനിഞ്ഞരുൾചെയ്‌തിട്ടുണ്ട്. പരമാർത്ഥം പകർന്നു നൽകുവാൻ തുഞ്ചൻ്റെ കിളിപ്പൈതലിന് കാലമുള്ള കാലത്തോളം അതിനായുസ്സുണ്ടാകട്ടെ.

ശ്രീ കാവാലം ശ്രീകുമാർ സർ ആലപിച്ച രാമായണം

ലക്ഷ്മണനു നൽകുന്ന ക്രിയാമാർഗ്ഗോപദേശം 1:00:17 – 1:09:45

ഏതൊരു ക്രിയാമാർഗ്ഗത്തിലൂടെയാണോ നാരദവ്യാസവിരിഞ്ചാദികൾ നിത്യം പുരുഷാർത്ഥത്തെ പ്രാപിക്കുന്നത് ആ മഹത്തരമായ ക്രിയാമാർഗ്ഗം ഗൃഹസ്ഥാശ്രമികൾക്കു അനുഷ്ടിക്കാവുംവിധം വർണ്ണിച്ചരുൾചെയ്യേണമെന്നു ലക്ഷ്മണൻ ഉണർത്തിച്ചനേരത്തു ശ്രീരാമസ്വാമി  നൽകുന്ന ഉപദേശം: സർവോത്കൃഷ്ടമായ ഈ വരികൾ നിത്യം ഭക്തിപൂർവ്വം പരായണംചെയ്യുകയോ കേൾക്കുകയോ ചെയ്യുന്നത് തന്നെ നിത്യപൂജാഫലപ്രാപ്തിക്കു കാരണമായിത്തീരുന്നു. കിഷ്‌കിന്ധാകാണ്ഡം (922 – 1016).

 

അധ്യാത്മ രാമായണത്തിലെ ഒരു രാമോപദേശമാണ് മുകളിൽ ചേർത്തിട്ടുള്ളത്. ഇതുപോലെ മറ്റ് ഉപദേശങ്ങളെയും ഓരോരോഅദ്ധ്യായങ്ങളിലായി നൽകിയിട്ടുള്ള പുസ്തകമാണ് ശ്രീരാമ ഗീത…

Top
Follow

Get the latest posts delivered to your mailbox:

>